Wednesday, January 30, 2013

ബലാല്‍സംഗം സിന്താബാദ്‌


കേരളത്തിലും ഇന്ത്യയിലൊട്ടകെയും രാജ്യത്തിന്‍റെ പരമോന്നത നിയമനിര്‍മാണ സഭകള്‍, നീതിപീഠങ്ങള്‍തൊട്ട് നമ്മുടെ ഉള്‍നാടന്‍ ചായക്കടകളില്‍ വരെ ഒന്നൊന്നര മാസമായി നടന്നു കൊണ്ടിരുന്ന ചര്‍ച്ചകളും സംവാദങ്ങളും ഒരു വിധം കെട്ടടങ്ങി കഴിഞ്ഞിരിക്കുന്നു.

ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികളെ തൂക്കി കൊല്ലണമോ, ജീവപര്യന്തം തടവിലിടണമോ, അതൊന്നുമല്ല ഇവരുടെ ഈ കുഴപ്പം പിടിച്ച യന്ത്രം മുറിച്ചു കളയണമോ, അങ്ങനെ തുടങ്ങീ നീണ്ടു പോകുന്ന ചര്‍ച്ചകള്‍ കേരളവും ഇന്ത്യയും വിട്ട് പാകിസ്ഥാനും അഫ്കനിസ്ഥാനും സൗദി അറേബ്യയും കടന്ന്‍ ഇംഗ്ലണ്ടും കാനഡയും അമേരിക്കവരെയും അവിടത്തെ ജീവിത രീതി, മതം, നിയമ വ്യവസ്ഥ, ശിക്ഷാരീതി എന്നിത്യാതി കാര്യങ്ങള്‍ അടക്കം വിശകലനം ചെയ്തു കഴിഞ്ഞു.

ഈയിടക്ക് വാള്‍സ്ട്രീറ്റ് ജേണല്‍, 2011ല്‍ ഇന്ത്യയില്‍ രേഘപ്പെടുത്തിയ ബലാത്സംഗ വിവര കണക്കുകള്‍ വച്ച് തയ്യാറാക്കിയ ഇന്‍ററാക്റ്റീവ് മാപ്പ് ചൂണ്ടി കാണിച്ചു കൊണ്ട് എന്‍റെ ഒരു പഴയ സഹപാഠി (ബുജി) എന്നോട് പറഞ്ഞു 

“ആഗോള വത്കരണവും നവമുതലാളിത്ത ശക്തികളുടെ കടന്നു കയറ്റവുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം.”

തുലാമഴ വൈകിയാലും മൊട്ടുസൂചിക്ക് വില കൂടിയാലുമെല്ലാം അവന്‍ ഇതു തന്നെയാണ് പറയാറ്.

എന്നാലും എനിക്ക് അവനോടു വലിയ ഭഹുമാനമാണ് തോന്നിയത്.

“അതെന്തേ ?”
“പറയാം”

ഡല്‍ഹി കൂട്ട മാനഭംഗ സംഭവത്തിനുശേഷം ഞാനും ഇത്തരം സായാഹ്ന സംഭാഷണങ്ങളിലും ചര്‍ച്ചകളിലും ചില പ്രതിഷേധ പരിപാടികളിലും ഭാഗവാക്കാവാന്‍ ഇടയായി. മിക്കവരും ഇത്തരം സംഭവങ്ങളില്‍ ഇരകളുടെ ഉത്തരവാദിത്വം എത്രത്തോളമുണ്ടെന്നു ചികഞ്ഞന്യേഷിക്കുന്നതായാണ് കണ്ടത്. പീഠിപ്പിക്കപെടുന്നതിന്നു കാരണം അവയില്‍ ഇരകളാവുന്നവര്‍ തന്നെയാണെന്നാണ് പലരുടെയും അഭിപ്രായം. ഇവര്‍ പ്രതികള്‍ക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്നതായാണ് എനിക്ക് തോന്നിയത്. കാരണം ഇത്തരം ക്രൂരക്രത്യങ്ങള്‍ക്ക് ഒരുമ്പെടുന്ന  വരെ വെറും സാഹചര്യങ്ങളുടെ സൃഷ്ട്ടി എന്നനിലക്ക്‌ കാണാനാണവര്‍ക്കിഷ്ട്ടം.   

“അവരെന്തിനാ അസമയത്ത് പുറത്തിറങ്ങുന്നത് ?, എന്തിനാ ഇങ്ങനത്തെ വസ്ത്രം ധരിക്കുന്നത് ?, എന്തിനാ അവിടെ പോകുന്നത് ? എന്തിനാ ബൈക്കില്‍ യാത്ര ചെയ്യുന്നത് ?” അങ്ങനെ നീണ്ടു പോകുന്ന ചോദ്യങ്ങളെല്ലാം എത്തിച്ചേരുന്നത് ഒരേ ബിന്ദുവിലെക്കാണ്. 
‘ഇരയിലേക്ക്’

ഞാനിവയിലെ വാസ്ഥവങ്ങളെയും അവാസ്ഥവങ്ങളെയും വേര്‍തിരിക്കാനോ, ഘന്ധിച്ചു പരിശോധിക്കാനോ മുതിരുന്നില്ല. ഇക്കാര്യങ്ങളെ കുറിച്ചു നിങ്ങളും ഒരുപാട് വായിക്കുകയും കേള്‍ക്കുകയും ചെയ്തിരിക്കുമെന്നു കരുതുന്നു.

മുമ്പ് പറഞ്ഞ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ കണക്കുകളിലേക്ക് വരാം. കേരളത്തില്‍  2011ല്‍ മാത്രം 1132 ലൈന്ഗിക പീധനങ്ങള്‍ രേഘപ്പെടുത്തിയിരിക്കുന്നു. വലുപ്പത്തിന്‍റെ കാര്യത്തില്‍ ഇരുപത്തൊന്നാം സ്ഥാനത്തുള്ള നാം ഇക്കാര്യത്തില്‍ 7 ആം സ്ഥാനത്താണ്. വിസ്ത്രിതിയും ജനസാന്ദ്രതയുമെല്ലാം തട്ടിച്ചു നോക്കുമ്പോള്‍ നാമുടെ സ്ഥാനം ഇതിനും മുകളിലേക്ക് വരും.

മാറ് മറക്കാനും മാന്യമായ ജീവിത രീതി കെട്ടിപ്പടുക്കുന്നതിനും വേണ്ടി തലമുറകളോളം സമങ്ങളിലെര്‍പ്പെട്ട മലയാളി സമൂഹം ഇത്തരൊമൊരപമാനത്തിന്‍റെ പടുകുഴിയില്‍ എത്തിച്ചേരാന്‍ കാരണം നമ്മുടെ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രത്തിന്‍റെ നീളം കുറവായത് കൊണ്ടാണോ ? പീഡിപ്പിക്കപ്പെട്ടവരെല്ലാം കൈ നീളം കുറഞ്ഞ സ്കര്‍ട്ടും മുട്ടിനു മുകളില്‍ വരുന്ന ട്രവ്സറും ധരിച്ചവരായിരുന്നോ ? അല്ലെങ്കില്‍ അസമയത്ത് പുറത്തിറങ്ങിയത് കൊണ്ടാണോ ഇത്തരമൊരവസ്ഥ അവര്‍ക്ക് സംഭവിച്ചത് ? കേരളത്തില്‍ ഇത്തരം പീഠനങ്ങള്‍ക്ക് ഇരയായവരില്‍ വലിയൊരളവ് സ്വന്തക്കാരാലോ അടുത്ത ബന്തുക്കളാലോ പീഡിപ്പിക്കപ്പെട്ടവരാണെന്നോര്‍ക്കണം. ഇതില്‍ ഒമ്പത് മാസം പ്രായമുള്ള പിഞ്ചു പൈതല്‍ മുതല്‍ 55 കാരിയായ വീട്ടമ്മ വരെ വരുന്നു ഇരകള്‍.

“എല്ലാം ശരി, പിന്നെതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം ?.”

യഥാര്‍തത്തില്‍ ഇക്കാലത്ത് ബലാല്‍സംഗം മാത്രമല്ല അഴിമതി, അത്യാഗ്രഹം, വഞ്ചന, കൊലപാതകം, വ്യഭിചാരം എന്നിവയെല്ലാം നമ്മുടെ നാട്ടില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നതായി കാണാം.

ഗ്രഹനാഥനെ തലക്കടിച്ചു കൊന്നു കവര്‍ച്ചനടത്തിയതിന്‍റെയും, പത്തും പതിനൊന്നും വയസുള്ള സ്കൂള്‍ വിദ്ധ്യാര്‍ത്തിനികള്‍ പീഡിപ്പിക്കപ്പെട്ടതിന്‍റെയും, കമിതാവിനോട് കൂടെ ഒളിച്ചോടുന്ന 4 മക്കളുടെ അമ്മയായ കുടുംബിനിയുടെയുമെല്ലാം കഥകള്‍ നാം ദിനേനെ കേട്ടുകൊണ്ടിരിക്കുന്നു. ഇത്തരം എല്ലാ കുറ്റകൃത്യങ്ങളുടെയും അടിസ്ഥാനം അന്തമായ സ്വാര്‍ഥതയാണെന്ന് പറയാതെവയ്യ.  

ഇന്ദ്രിയ സുഖമാണ് ജീവിതത്തിന്‍റെ പരമമായ ലക്ഷ്യമെന്ന ധാരണ നമ്മുടെ സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുമുള്ള എല്ലാ ചിന്തകളുടെയും പ്രവര്‍ത്തികളുടെയും അത്യന്തമായലക്ഷ്യം ഇത്തരമൊന്നിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഈയവസ്ഥ നമ്മെ മൃഗീയ വാസനകളുടെ അടിമകളാക്കി മാറ്റിയിരിക്കുന്നു.  യഥാര്‍ത്ഥ ജീവിത മൂല്യങ്ങളും ആത്മീയതയും ശരിയായ രീതിയില്‍ പകര്‍ന്നു നല്‍കാന്‍ പരാജയപ്പെട്ട കുടുംബം ജീവിതസാഹചര്യം മത വിശ്വാസങ്ങള്‍ തുടങ്ങിയവയാണ് ഈ അവസ്ഥക്ക് കാരണം.

ഇനി മരണാന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന (എല്ലാ മതസ്ഥരും) ഞാനടക്കമുള്ള സമൂഹത്തിന്‍റെ ഇന്നത്തെ അവസ്ഥ എന്തെന്നു നോക്കാം, എല്ലാ മത വിശ്വാസികളും പരമ ലക്ഷ്യമായി കാണുന്നത് സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്നുള്ളതാണല്ലോ. സ്വര്‍ഗത്തിലെ ഭക്ഷണ പാനിയങ്ങളും അവയുടെ രുചിയും അവിടത്തെ സുന്ദരികളായ സ്ത്രീകളെ കുറിച്ചുമെല്ലാം നാം ഒരുപാട് കേട്ടിരിക്കുന്നു. സ്വര്‍ഗത്തെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് പ്രധാനമായും ഇവയെകുറിച്ചുള്ള ചിന്തകളും വിചാരങ്ങളും കടന്നു വരത്തക്കരീതിയിലാണ് നമ്മെ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.  

എന്നാല്‍ സ്രഷ്ടാവിന്‍റെ (ഹിന്ദു വിശ്വാസപ്രകാരം ബ്രഹ്മാവ്‌, കൃസ്തീയ വിശ്വാസപ്രകാരം യഹോവ, മുസ്ലിം വിശ്വാസ പ്രകാരം അള്ളാഹു) സാനിദ്യവും അവന്‍റെ ദര്‍ശനവുമാണ് സ്വര്‍ഗത്തിലെ ഏറ്റവും വലിയ ആകര്‍ഷണമെന്നും കറപുരളാത്ത സത്യവും സാഹോദര്യവും മനുഷ്യത്വവുമാണ് ഇതിലേക്ക് എത്തിപ്പെടാനുള്ള അടിസ്ഥാന ഘടകങ്ങളെന്നും പുരാണങ്ങളും വേദ ഗ്രന്ഥങ്ങളും നമ്മോടു ഉത്ഘോഷിക്കുന്നു. 

യഥാര്‍ത്തത്തില്‍ ഈ മൂന്നു ഘടകങ്ങള്‍ തന്നെയാണ് ഞാന്‍ മുകളില്‍ 'ജീവിത മൂല്യങ്ങളെന്നു' ഒറ്റവാക്കില്‍ വിളിച്ചത്. ഇത് പുതു തലമുറയെ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ഇന്നത്തെ മത നേത്രത്വം പരാചയപ്പെട്ടിരിക്കുന്നെന്നു പറയാതിരിക്കാന്‍ വയ്യ.  

“അവന്‍ മദ്യം ഉപയോഗിക്കട്ടെ, പെണ്ണു പിടിയനാവട്ടെ, മറ്റെന്തു തെമ്മടിയുമാവട്ടെ, എന്നാലും അവന്‍ ******* കൂടെ കൂടാതിരുന്നാല്‍ മതി”

എന്‍റെ ഒരു സുഹ്രത്ത് ഈയിടെ പറഞ്ഞതാണിത്.

നമ്മുടെ ചിന്തകളും വിശ്വാസങ്ങളും ഇത്തരത്ത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. ജാതിയുടെയും അതല്ലെങ്കില്‍ മതങ്ങള്‍ക്കുള്ളിലെ തന്നെ മറ്റു ആശയ വിത്യാസങ്ങളുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും പേരുപറഞ്ഞു കലഹിക്കുന്ന, തമ്മില്‍ കടിച്ചുകീറുന്ന, മത പുരോഹിതന്മാരെയും നേതാക്കളെയുമാണ് പുതുതലമുറ കണ്ടു വളരുന്നത്‌. മുകളില്‍ പറഞ്ഞ സത്യം സാഹോദര്യം മനുശ്വത്വം എന്നിവ ഇവരിലൂടെ പൊതു സമൂഹത്തിനു ലഭിക്കുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ ? പകരം പക വിദ്വേഷം അന്തമായ സ്വാര്‍ഥത എന്നിവ സമൂഹത്തിനുമേല്‍ കുത്തിവെക്കപ്പെടുന്നു എന്നതല്ലേ ശരി.

ഒരേ മതത്തിലെത്തന്നെ രണ്ടു വിഭാഗങ്ങളില്‍ അകപ്പെട്ട മക്കളുടെ പോരും വിദ്വേഷവും സഹിക്കവയ്യാതെ കിണറ്റിലേക്ക് എടുത്തു ചാടിയ അമ്മയെ എനിക്ക് നേരിട്ടറിയാം.

അപ്പോള്‍ പറഞ്ഞു വന്നത് മതങ്ങളാണ്, അല്ലെങ്കില്‍ മത വിശ്വാസങ്ങളെ ശരിയായ രീതിയില്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത മത നേതാക്കള്‍ മാത്രമാണ് ഇന്നീക്കാണുന്ന മൂല്യച്ചുതികള്‍ക്കെലാം കാരണക്കാര്‍ എന്നല്ല. മറിച്ച് നാമിന്നീ കാണുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ ഒരു പാട് നല്ല വശങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച, നമ്മുടെ സമൂഹത്തിലെ വലിയോരളവിനെ സ്വാദീനിക്കാന്‍ കഴിവുള്ള, സമൂഹത്തിന്‍റെ ഒരവിഭാജ്യ ഘടകം എന്ന നിലക്ക്, ആ ഘടകത്തിന്‍റെ മുഖ്യധാരയിലുള്ളവര്‍ക്ക് സംഭവിച്ച മൂല്യ ശോഷണം തെല്ലൊരു ആശങ്കയോടെ കാണാതിരിക്കാനാവില്ല.  

മൊത്തത്തില്‍ നമ്മുടെ സമൂഹത്തിന്‍റെ പല അടിസ്ഥാന ഘടകങ്ങളും സ്ഥാപനങ്ങളും അവരവരുടേതായ കര്‍ത്തവ്യങ്ങള്‍ മനപ്പൂര്‍വമോ അല്ലാതെയോ മറന്നുപോയതാണ്‌ ഇന്നീ കാണുന്ന രീതിയില്‍ കുറ്റ ക്രത്യങ്ങള്‍ വര്‍ദ്ധിച്ചു വരാന്‍ കാരണം.

തന്‍റെയും അതുപോലെ മറ്റുള്ളവരുടെയും മാന്യമായ ജീവിതത്തിനു വിഖടമായി നില്‍ക്കുന്ന സ്വാര്‍ഥ സുഗങ്ങളെയും ആശയങ്ങളെയും മാറ്റിവച്ചു യഥാര്‍ത്ത ജീവിത മൂല്യങ്ങള്‍ അനുഭവിച്ചറിയാനുള്ള സാഹചര്യം ഓരോ വ്യക്തിക്കും ഒരുക്കിക്കൊടുക്കുക എന്നതാണ് ഒരു സമൂഹമെന്ന നിലക്ക് ഇനി നാം ചെയ്യേണ്ടത്. 

ഇതിന്നു പാകമായ രീതിയില്‍ നമ്മുടെ കുടുംബ വ്യവസ്ഥിതി, വിദ്യാഭ്യാസ സമ്പ്രദായം, ജീവിതസാഹചര്യങ്ങള്‍, നിയമ വ്യവസ്ഥിതി, ഭരണ സംവിധാനങ്ങള്‍ എന്നിവ ക്രമീകരിക്കേണ്ടിയിരിക്കുന്നു.


ഈ പോസ്റ്റ്‌ ഫെബ്രുവരി - 02 - 2013
ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്

മാതൃഭുമി  NRI ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്



ബൂലോകം.കോം ല്‍ പ്രസിദ്ധീകരിച്ചത്
See the post : http://boolokam.com/archives/87396

7:37 PM

0 comments:

Post a Comment